Sunday, July 25, 2010

നിശബ്ദ ചിന്തകള്‍

"എപ്പോഴാ ട്രെയിന്‍?"
"രാവിലെ 7 .15  "
"പാക്കിംഗ് കഴിഞ്ഞോ?"
"നടക്കുന്നു."
"അമ്മയും അച്ഛനും സ്റ്റേഷനില്‍ വരുമോ?"
"ഉവ്വ്..രാവിലെ ഓട്ടോ പിടിച്ചു പോകാമെന്ന് വിചാരിക്കുന്നു"
"അവിടെ ചെന്നാല്‍? നിഖിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ടോ?പെട്ടി നീ മാത്രം പിടിച്ചാല്‍ ഒതുങ്ങില്ല"
"ഉവ്വ്. അവന്‍ വരും..."
കുറച്ചു നേരം മറുതലക്കല്‍ നിന്ന് ഒഴുകിയ നിശബ്ദതക്ക് കാരണം റേഞ്ച് പോയതാണ് എന്നാണ് ആദ്യം ഞാന്‍ കരുതിയത്‌.പക്ഷെ ആ നിശബ്ദതയില്‍ എവിടെയോ ഒരു വീര്‍പ്പുമുട്ടല്‍ ഉണ്ടായിരുന്നു.
"...എന്തെ?"
"....എനിക്കെന്തോ പേടി ..അല്ല..ഒരു..ടെന്‍ഷന്‍"
"അവന്‍ സ്റ്റേഷനില്‍ വരുമല്ലോ. പിന്നെന്താ?" പറഞ്ഞതിന്റെ യഥാര്‍ത്ഥ അര്‍ഥം മനസിലാകാത്ത പോലെ ഞാന്‍ ചൊടിച്ചു.
"..അതല്ല...ഒരുപാട് കാശ് ചെലവാക്കിയ പോകുന്നെ..അവിടെ ചെന്നിട്ട്..."
"അവിടെ ചെന്നിട്ട് നന്നായി പഠിക്കുക.അല്ലാതെ ഒന്നും ഇല്ല .പഠിക്കാനാ  പോകുന്നെ എന്നോര്‍ക്കുക. "
എന്‍റെ ഉത്തരത്തില്‍ ഉണ്ടായിരുന്ന കര്‍ശനസ്വരം അല്ല അവന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതെന്നു എനിക്ക് തോന്നി. അവന്‍ ഒന്നും പറഞ്ഞില്ല. ഞാനും ഒന്നും പറയാതെ ഫാനിലോട്ടു നോക്കി കിടന്നു. ഈ നീണ്ട നിശബ്ദതകള്‍ ഇല്ലായിരുന്നെങ്കില്‍ ചില സംഭാഷണങ്ങള്‍ എന്ത് അര്‍ത്ഥരഹിതമാകുമായിരുന്നു....free A2A കോളുകള്‍ക്ക് സ്തുതി!

"അണ്ണാ.."
"hmmm .. ?"

എന്തൊക്കെയോ പറയണമെന്ന് തോന്നുന്നുണ്ടായിരുന്നു. സെന്റി തുടങ്ങിയാല്‍ ചിലപ്പോള്‍ ഒരുപാട് നേരം സംസാരിച്ചിരിക്കും. ഇപ്പോഴേ രാത്രി ഒരുപാട് വൈകിയിരിക്കുന്നു.Atleast for normal people. ഞാന്‍ ഒറങ്ങാന്‍ നേരം ഇനിയും വൈകണം. അത് അണ്ണനും അറിയാം.ഈ കഴിഞ്ഞ ഒരു വര്ഷം ഉറക്കമില്ലാത്ത  കുറച്ചധികം രാത്രികള്‍ ഞങ്ങള്‍ ഫിലോസഫി അടിച്ചു നശിപ്പിച്ചിട്ടുണ്ട്. രാത്രിയുടെ നിശബ്ദത മടുക്കുമ്പോള്‍, വേണ്ടാത്ത ആത്മ അവലോകനങ്ങള്‍ മനസ്സ് വെറുപ്പിച്ചു തുടങ്ങുമ്പോള്‍ പലപ്പോഴും എന്‍റെ get-away ആയി മാറിയിരുന്നു അണ്ണന്‍.  മണ്ടന്‍ തമാശകളില്‍ തുടങ്ങി അവന്റെ സംഭാഷണങ്ങള്‍ കുട്ടിക്കാലത്തെ ഓര്മകളിലേക്കും  പഴയ കൂട്ടുകെട്ടുകളുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലെക്കും lower middle-class കുടുംബത്തിന്‍റെ ദൈനംദിനദുഖങ്ങളിലേക്കും ഒക്കെ പറക്കുമ്പോള്‍, വേറേതോ ലോകത്തെ കുറിച്ചുള്ള കഥകള്‍ കേള്‍ക്കും പോലെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്; യുനിവേര്സിടി പരീക്ഷയുടെ തലേന്ന് രാത്രി, ഇതുവരെ വായിച്ചിട്ടില്ലാത്ത ഭാഗങ്ങള്‍  ഫോണിലൂടെ വായിച്ചു പഠിച്ചെടുത്തു  ജയിച്ചിട്ടുണ്ട് ഞങ്ങള്‍; അവസാന വര്‍ഷ  റിസള്‍ട്ട്‌ വന്നപ്പോ.. ജയിച്ചെന്ന് കേട്ട് അവന്‍ തുള്ളി ചാടിയപ്പോള്‍.. സന്തോഷം സഹിക്കവയ്യാതെ ഞാന്‍ പൊട്ടികരഞ്ഞിരുന്നു. (അത് കണ്ട്‌ എന്‍റെ അനിയത്തി  ഞാന്‍ തോറ്റു എന്നു വീട്ടുകാരോട് പോയി ഒതികൊടുത്തു.)  ഒരു വര്ഷം കൊണ്ട് എത്ര എത്ര ഓര്‍മ്മകളാണ്.അണ്ണനും പെങ്ങമ്മാരും ആരാമത്തിലെ ബാക്കി 'gang'ഉം ഇല്ലാതെ ഒരു ദിവസം പോലും ഇല്ലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ എന്‍റെ ജീവിതത്തില്‍. ആ ജീവിതത്തിലെ ഒരാള് വിട്ടു പോകുമ്പോ..

ശേ, കണ്ണീരിനു മൂക്കോലിപ്പിക്കലിനും ഒക്കെ scope ഉള്ള ഒരു വിടചൊല്ലല്‍ ഒന്നും അല്ല ഇത്.  ഒരു പത്തു വര്ഷം മുന്നേ ആയിരുന്നെങ്കില്‍ 'ഇനി ഒരിക്കലും കണ്ടുമുട്ടിയില്ലെങ്കിലോ'  എന്നാ ഭീതിക്ക് വക ഉണ്ടായിരുന്നു.ഇതിപ്പോ അവിടെ എത്തി പുതിയ sim എടുക്കുന്ന വരെയേ ഉള്ളൂ റോമിംഗ് എന്ന തടസ്സം . അത് കഴിഞ്ഞാല്‍ എന്താപ്പോ വ്യത്യാസം?
പെരിങ്ങമല ആണെങ്കിലും സെകെന്ദ്രബാദ് ആണെങ്കിലും ശബ്ദം അങ്ങോട്ടും ഇങ്ങോട്ടും ഒഴുകും.
നിശബ്ദതയും..
പക്ഷെ ദൂരവും സമയവും ഒരു സമവാക്യത്തില്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടാല്‍ അത് വേഗതയുടെ മാത്രമല്ല മറവിയുടെയും സമവാക്യമാകാം എന്നു ഒന്നിലധികം അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു.

 എന്താ ഇപ്പൊ ഞാന്‍ പറയാന്‍ വന്നത്?? ചിന്തയുടെ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കന്റെ തുടക്കം എവിടെ നിന്നായിരുന്നെന്നു മറന്നു.

"പോയി പായ്ക്ക് ചെയ്തു തീര്‍ക്ക്‌.."
"ശരി....ബൈ"
ആ ബൈയിലെ  അന്തിമ ധ്വനി എന്നെ വേദനിപ്പിച്ചു..
"..ഞാന്‍ രാവിലെ സ്റ്റേഷനില്‍ വരും ..അപ്പൊ പറയാം"
"..ബൈ.."
പിറ്റേന്ന് രാവിലെ platform 3 യില്‍ ഞാന്‍ ഓടിയെത്തുമ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങുമെന്ന്  അവനു അറിയാമായിരുന്നു എന്നു തോന്നുന്നു.

2 comments:

thegreenflame said...

Thats really good.. njan magazinil idatte.. idakku enne kurichu paranjathu athra nannayilla :P

Amara said...

ഭ!!!!!