Thursday, July 29, 2010

അശിമ്പന്‍

ഏതാണ്ട് രണ്ടു പതിറ്റാണ്ട്  മുന്‍പുള്ള കഥയാണിത്. വീട്ടില്‍ ഒരു നൂറു വട്ടം പറഞ്ഞു കേട്ടുള്ള ഓര്‍മ്മയെ സത്യത്തില്‍  എനിക്കുള്ളൂ.എങ്കിലും എഴുതിക്കളയാം.

എനിക്ക് രണ്ടു വയസോ മറ്റോ ഉള്ളപ്പോള്‍ ഞാനെന്ന  പൊന്നോമന ഒറ്റപുത്രിയെ (എന്‍റെ ഏകാന്തതയെ തകര്‍ക്കാന്‍ വന്നെത്തിയ മഹതിയുടെ ജനനത്തിനു കുറച്ചു മുന്‍പേ ആണ് കഥ )  വീട്ടുകാര്‍  ലെനിന്‍ ബാലവാടിയില്‍ ചേര്‍ത്തു . ഓരോ ദിവസവും‍ വീട്ടില്‍ എത്തിയാല്‍  അന്നത്തെ സകല കാര്യങ്ങളുടെയും റിപ്പോര്‍ട്ട്‌  വള്ളിപുള്ളി വിടാതെ എനിക്കറിയാവുന്ന വാക്കുകളും സര്‍വവിധ ആംഗ്യ വിക്ഷേപങ്ങലോടും കൂടി ഞാന്‍ വീട്ടില്‍ അവതരിപ്പിക്കും.  എന്‍റെ വര്‍ത്തമാനം കേള്‍ക്കാന്‍ അച്ഛനും അമ്മയും അമ്മമ്മയും അച്ഛച്ചനും  ഇളയച്ഛനും  അമ്മായിയും  എല്ലാരും ചുറ്റും   കൂടിയിരിക്കും. ആദ്യത്തെ കണ്മണി ആയതിന്‍റെ   ഒരു ഗുണമേ!! ഞാന്‍ പറയുന്ന കഥകളില്‍ നിന്ന് 'അച്ചോതിസ്‌' അശ്വതി. എസ്‌ ആണെന്നും  'അരുന്‍പിശാശു' അരുണ്‍  പ്രകാശും ആണെന്നും   വീട്ടുകാര്‍ ഊഹിച്ചെടുത്തിരുന്നു. മിക്ക ദിവസത്തെ  കഥകളിലും തല കാണിച്ചിരുന്ന ഒരു പേര് ; അത് മാത്രം എന്താണെന്നു ഊഹിക്കാന്‍ ആര്‍ക്കും പറ്റിയിരുന്നില്ല.'അശിമ്പന്‍'- അവനാണ് നമ്മുടെ കഥ നായകന്‍. മിക്ക ദിവസവും കക്ഷി കഥാനായകന്‍ ആകാന്‍ കാരണമുണ്ട് കേട്ടോ! ലെനിന്‍ ബാലവാടിയിലെ കൊച്ചുതെമ്മാടിയും ഗുണ്ടപ്പീസുമായിരുന്നു ഈ മഹന്‍.അന്നന്നു അശിമ്പന്‍  അടിക്കുകയും  പിച്ചുകയും തള്ളിയിടുകയും ചെയ്ത നിര്‍ഭാഗ്യവാന്മാരുടേയും  നിര്‍ഭാഗ്യവതികളുടെയും ലിസ്റ്റ് എന്‍റെ ഡെയിലി റിപ്പോര്‍ട്ടിന്റെ ഒരു മെയിന്‍ ഭാഗമായിരുന്നു. അശിമ്പന്‍റെ യഥാര്‍ത്ഥപേര് എന്താണെന്നു ഊഹിക്കാന്‍ കുറെ നാള്‍ എല്ലാരും ശ്രമിച്ചു.അവന്‍റെ  ഓരോരോ  ലീലാവിലാസങ്ങളെ കുറിച്ച് കേട്ട് ഒരിക്കല്‍ അച്ചാച്ചന്‍ ഒരു നിഗമനത്തില്‍ എത്തി. "ഇവന്‍ തനി ശുംഭനാണല്ലോ, അതാണ് അവനു ആ-'ശുംഭന്‍' എന്നു വീട്ടുകാര് പേരിട്ടത്". അങ്ങനെ അശിമ്പന്‍ ശരിക്കും അശിമ്പന്‍ തന്നെ ആയിരിക്കും എന്നു എല്ലാരും വിശ്വസിച്ചു തുടങ്ങിയ കാലത്ത്, ഒരു ദിവസം വൈകുന്നേരം എന്നെ വിളിക്കാന്‍ അമ്മ ബാലവാടിയില്‍ വന്നപ്പോള്‍ ഗേറ്റ്-കീപേര്‍ അമ്മാവന്‍ ചിരിച്ചു കൊണ്ട് ഓടി വന്നു.
"ഇന്ന് അപ്പി ഇവിടൊരു കലക്ക് കലക്കി ക്യേട്ടോ" അമ്മാവന്‍ തനി തിരോന്തോരം ഭാഷയില്‍ തട്ടി.
"ലവന്‍റെ  കുറുക്ക്  തല്ലിതകര്‍ത്തില്ല്യെ  അപ്പി".
 പൊന്നോമന പുത്രിയുടെ നല്ലനടപ്പിനെ കുറിച്ചുള്ള പുകഴ്ത്തലുകള്‍ മാത്രം കേട്ടിട്ടുള്ള അമ്മ ഒന്ന് ഞെട്ടി.ഒരിക്കല്‍ പോലും ഞാന്‍ ആരെയും ഉപദ്രവിച്ചതായോ വഴക്കുണ്ടാക്കിയതായോ അമ്മ കേട്ടിട്ടില്ല. അതില്‍ അമ്മ വല്ലാതെ അഭിമാനിക്കുകയും ചെയ്തിരുന്നു.ആ അഭിമാനത്തിനൊരു ക്ഷതമാണ് പറ്റിയിരിക്കുന്നത്.അമ്മ എന്നെ കണ്ണുരുട്ടി. ഒട്ടും സമയം കളയാതെ ഞാന്‍ കഥയുടെ ചുരുളഴിച്ചു. നടന്നത് ഇങ്ങനെ:- പതിവുപോലെ തന്റെ ഗുണ്ടായിസവുമായി ബാലവാടിയില്‍ എത്തിയ ആശിമ്പന്‍ വികൃതിത്തരവുമായി അന്ന് ചെന്നത്  അച്ചോതിസിന്‍റെ അടുത്തായിരുന്നു. അവളുടെ കയ്യില്‍ നിന്ന് കളിപ്പാട്ടം തട്ടിപ്പറിക്കാന്‍  അവന്‍ നടത്തിയ ശ്രമം  കലഹത്തില്‍ കലാശിച്ചു. അച്ചോതിസ്‌ അശിമ്പനെ പിടിച്ചു തള്ളി.അശിമ്പന്‍ അച്ചോതീസിന്‍റെ മുടിപിടിച്ചു വലിച്ചു. അങ്ങനെ കലഹം കൊഴുത്തു നില്‍ക്കുന്ന നേരത്താണ് എന്‍റെ രംഗപ്രവേശനം- mediator ആയി. ആദ്യം രണ്ടുപേരോടും വഴക്ക് ഉണ്ടാക്കരുതെന്നൊക്കെ ഞാന്‍ നല്ലഭാഷയില്‍ പറഞ്ഞു നോക്കി.ലോക സമാധാനം ആണല്ലോ അന്നും ഇന്നും നമ്മുടെ ലക്‌ഷ്യം. വാക്കാല്‍ ഉള്ള അനുനയനശ്രമങ്ങള്‍ പാളി എന്നു മനസിലായപ്പോള്‍  ഇരുവരെയും പിടിച്ചു മാറ്റാന്‍ ആയി എന്‍റെ ശ്രമം. ഞാന്‍ അച്ചോതീസു ഇറക്കിയ മറു-ഗുണ്ടയാണെന്ന് തെറ്റിദ്ധരിച്ച ആശിമ്പന്‍ തിരിച്ചു തള്ളി.ഞാന്‍ മറിഞ്ഞു വീണു.നോക്കണേ ഒരു സമാധാനകംക്ഷിയ്ക്ക് നേരിടേണ്ടിവരുന്ന  പീഡനങ്ങള്‍. പിന്നെ ഞാന്‍ മുന്നും പിന്നും നോക്കിയില്ല.സമാധാനമോക്കെ വെടിഞ്ഞു. അവനെ കുനിച്ചു നിര്‍ത്തി അവന്‍റെ പുറം ഇടിച്ചു പൊളിച്ചു. എന്നിട്ട് ആയമ്മയോടു ചെന്ന് അശിമ്പനിട്ടു രണ്ടു പൊട്ടിച്ച കാര്യം ചെന്ന് പറയുകേം ചെയ്തു.പിന്നല്ല..നമ്മളോടാ കളി...
എന്‍റെ കഥകേട്ടു നിന്ന അമ്മയുടെ മുഖത്തെ  വേവലാതി കണ്ട്‌ ഗേറ്റ് കീപേര്‍ അമ്മാവന്‍ അമ്മയെ സമാധാനിപ്പിക്കാനായി പറഞ്ഞു
"അല്ല കുഞ്ഞേ, അപ്പിയായിട്ടു തുടങ്ങിയതല്ലന്നെ.ആ അശ്വിന്‍ പ്രേമിനിട്ടു ഒരണ്ണം പൊട്ടിക്കണമെന്നു ഈ ഞ്യാന്‍ പോലും നിരീച്ചിട്ടൊണ്ട്‌ .പിന്നെയാ!"
ആ വാചകം കേട്ട് അമ്മക്ക് ചിരി പൊട്ടി. അശിമ്പന്‍ അശ്വിന്‍ പ്രേം ആണെന്ന് അപ്പോഴാണ് അമ്മക്ക് പിടികിട്ടിയത്.

ഇപ്പോഴും വഴിയെ പോകുന്ന തര്‍ക്കങ്ങളൊക്കെ സോള്‍വാക്കാന്‍ പോയി  ഞാന്‍ തല്ലു മേടിക്കാറുണ്ട് എന്നും അവസാനം സമാധാനം എല്ലാം അവസാനിപ്പിച്ച്‌  രണ്ടു പൊട്ടിച്ചേച്ച്‌ തിരിച്ചുവരുമെന്നുമാണ് അമ്മയുടെ ഭാഷ്യം.

PS: അശ്വിന്‍ പ്രേമേ, നീ ഈ ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ ഗുണ്ടതരമോക്കെ അവസാനിപ്പിച്ച്‌ നല്ലവനായി കഴിയുന്നു എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

8 comments:

lekshmi priya said...

nalla kidilan postt...:)
balyakala vikruthikal kollam ketto :)

Amara said...

Thank you LPG

rahool... said...

hey amara, nice post dear......

hweva, one suggestion, do consider changin d font ur usin... :-)

Amara said...

@rahool..
Thankyou for visiting my blog..and i'll surely consider that suggestion..:-)

THE GREEN FLAME said...

podi makri

DEEP said...

"Asimpan" enthaannu guess cheythondaanu vayichathu.. aswin prem vare ethiyilla guessing :)

Good post

ചാണ്ടിക്കുഞ്ഞ് said...

അല്ല...അത് ഞാനല്ല...എന്റെ പേര് അശിമ്പന്‍ എനല്ല...അലമ്പന്‍ എന്നാ...

ak said...

very good plotting.....