പണ്ട് പണ്ട് (അതായതു ഇന്നേക്ക് കിറുകൃത്യം2 മാസം മുന്നേ ) അങ്ങ് പാണ്ടി നാട്ടില്‍ ഒരു അമ്മിണിക്കുട്ടി ഉണ്ടായിരുന്നു. അമ്മിണിക്കുട്ടി പാണ്ടിനാട്ടില്‍ താമസമാക്കിട്ടു നാല് മാസം. മുറി തമിഴില്‍ നിന്ന് മുക്കാല്‍ തമിഴിലേക്ക് ബിരുദം നേടിയത് പ്രമാണിച്ച് ഓഫീസില്‍ ജീവിതം അടിച്ചു പൊളിച്ചു നടക്കുകയായിരുന്നു അമ്മിണി. തമിഴില്‍ പറഞ്ഞാല്‍ മനസിലാകും എന്നായതോടെ സഹപ്രവര്‍ത്തകരുടെ പുളുവടിയില്‍ അമ്മിണിക്കും കിട്ടി ക്ഷണം. പഴയ വര്ഷം തീരാറായപ്പോഴേക്കും സഹമുറിയത്തിമാര്‍ക്ക് പണിയായി . എന്നാല് അമ്മിണിക്ക് വീട്ടിലും ആപ്പീസിലും ചളുവടിയും പുളുവടിയും മാത്രം.പ്രൊജക്റ്റ് വരുന്നേ പ്രൊജക്റ്റ് വരുന്നേ എന്ന ചൂടൊക്കെ എന്നെ ചത്തൊടുങ്ങി.ഇനിയിപ്പോ വരുമ്പോ വരട്ടെ എന്നു അമ്മിണിയും.
പുതിയ വര്‍ഷത്തേക്ക് വലിയ വലിയ പദ്ധതികള്‍ ഒക്കെ പ്ലാന്‍ ചെയ്ത് അമ്മിണി സന്തോഷത്തോടെ വിരാജിക്കുന്ന ഒരു ദിവസം അമ്മിണിക്കൊരു മെയില്‍ വന്നു. ഹൈദ്രാബാദ് ഒരു പണിയോണ്ട്, വരണാ എന്നു
.. 'കേട്ടിട്ടോണ്ട് കേട്ടിട്ടോണ്ട്..ഇത് നമ്മള് കൊറേ കേട്ടിട്ടോണ്ട്' . പിന്നെന്താ, ദാ വരണൂ എന്നു പറഞ്ഞു ഒരു മറുപടി അയച്ചു. എന്താ എന്നു വച്ചാല്, ഇങ്ങനെ പ്രൊജക്റ്റ് offers കൊറേ വന്നതാ.. ആദ്യം ആദ്യം വലിയ പ്ലാന്‍ ഒക്കെ ചെയ്ത് കാര്യങ്ങള്‍ ഒക്കെ ആലോചിച്ചു reply ചെയ്യും. പിന്നെ ഒരു പൊടിയും കാണില്ല. അതാ വലിയ ചൂടില്ലാതെ 'വോ, ദാ വരിണൂ' എന്നയച്ചത്. എന്നാല്‍ ഉത്തരം പോയി മണിക്കൂര് 6 കഴിഞ്ഞപ്പോ വന്നു അടുത്തത്.
"താങ്കളുടെ ഉത്തരത്തിനു നന്ദി. നിങ്ങളെ ഞങ്ങളുടെ project ഹൈദ്രബാദിലോട്ടു സ്വാഗതം ചെയ്യുന്നു.വരുന്ന ഞായറാഴിച്ച (അതായതു മറ്റന്നാള്‍) പകല്‍ ഉള്ള ചെന്നൈ-ഹൈദ്രാബാദ് വിമാനത്തില്‍ നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നു . ഹൈദ്രാബാദ് ഓഫീസിനടുതായി നിങ്ങളുടെ താമസവും ശരി ആക്കിയിട്ടുണ്ട്. തിങ്കളാഴിച്ച രാവിലെ ഓഫീസില്‍ വച്ച് കാണാം."
'അടിച്ചു മോളേ..അടിച്ചു..'
സഹമുറിയത്തിമാര് ചീത്ത പറഞ്ഞു
"മുന്നും പിന്നും നോക്കാതെ വല്ലതും ഒക്കെ ചെയ്തോളും.."
സഹപ്രവര്‍ത്തകര്‍ പേടിപ്പിച്ചു
"അവിടെ അവര്‍ക്ക് ആളെ കിട്ടാത്തതു കൊണ്ടാ ചെന്നൈയില്‍ നിന്ന് വിളിപ്പിച്ചേ.. മിക്കവാറും സ്ഥലം മോശം ആയിരിക്കും.. വല്ല പട്ടിക്കാടും ആയിരിക്കും.. വല്ല ആവശ്യവും ഉണ്ടായിരുന്നോ"
വീടുകാര് ഖേദം പ്രകടിപ്പിച്ചു
"ചെന്നൈയില്‍ ആയിരുന്നപ്പോ വല്ലപ്പോഴും ഇങ്ങോട്ട് വരുമായിരുന്നു.. ഇനി അവിടെ പോയാല്‍ എപ്പോഴാണോ എന്തോ"
വീട്ടുടമസ്ഥന്‍ വാശിപിടിച്ചു
"അഡ്വാന്‍സ് തിരിച്ചു തരുന്ന പ്രശ്നം ഇല്ല"
അമ്മിണിക്ക് ചെറുതായിട്ട് പ്രാന്ത് പിടിക്കാന്‍ തുടങ്ങി. ഇങ്ങനത്തെ അബദ്ധങ്ങള്‍ പറ്റുന്നത് ആദ്യമായിട്ടല്ല. എന്നാലും അബദ്ധങ്ങള് പറ്റിക്കൊണ്ടേ ഇരിക്കുന്നല്ലോ:(
എന്താ ഇപ്പൊ അമ്മിണി എന്താ ചെയ്യുക??
View Larger Map
കൂടുതല്‍ ആലോചിക്കാനും പ്രവര്‍ത്തിക്കാനും പറ്റും മുന്നേ അമ്മിണിയും മറ്റു നാല് പേരും-ഗുര്നീത്ത് എന്ന സര്‍ദാര്‍ജി, അഭിമന്യു എന്ന ഹരിയനക്കാരന്‍, ഋധിമ എന്ന അമ്മിണിയുടെ പ്രിയ ബംഗാളി സഖി, രൂബ എന്ന പോണ്ടിച്ചേരിക്കാരി - ഹൈദ്രാബാദ് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
ഹൈദ്രാബാദ് നഗരത്തില്‍ അമ്മിണിയുടെ എന്‍ട്രി അക്കരെ അക്കരെ അക്കരെയില്‍ ദാസനും വിജയനും പാടുന്ന പാട്ട് പോലെ ആയിരുന്നു..
"സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ ..സങ്കല്പ ഗന്ധര്‍വ ലോകത്തിലോ .." ഒരാഴ്ചകൊണ്ട് അമ്മിണിയുടെ ജീവിതമേ മാറിപ്പോയി.
ചെന്നൈയില്‍ ഒരു KFC കാണാന്‍ കാശു കൊറേ ചെലവാക്കി നുങ്കംപക്കം വരെ പോയിട്ടുണ്ട്.ഇവിടെ വന്നപ്പോ ദേ തൊട്ടടുത്ത മുക്കില് KFC. Mall കാണാന്‍ വേണ്ടി മാത്രം ശനിയാഴ്ച നേരത്തെ എണീക്കാറുണ്ടായിരുന്നു ചെന്നൈയില്‍. ഇവിടെ ഓട്ടോക്കാരന് 20 രൂപ കൊടുത്താല്‍ mall മൂന്നെണ്ണത്തില്‍ പോകാം. ചെന്നൈയിലയിരുന്നപ്പോ രാവിലെ 6.30 ക്ക് എണീറ്റ്, ബത്ത്രൂമിന് അടി ഉണ്ടാക്കി 7 20 നു ബസ് കേറി 9 ഓഫീസില്‍ എത്തുമായിരുന്നു. എന്തിനു?? വെറുതെ ! വേറെ പണി ഇല്ലല്ലോ.. ഇവിടെ വന്നപ്പോ പ്രൊജക്റ്റ് മാനേജര്‍ പറയുവാ "9 30 ക്ക് എത്തിയാല്‍ നന്ന്. എപ്പോ വന്നാലും 9 മണിക്കൂര്‍ പണി എടുക്കണം. അത്രേ ഉള്ളൂ". അപ്പൊ പിന്നെ എണീക്കല് 8 30 ക്ക് ആക്കി. പണി മോശമല്ല. ടീം അടിപൊളി ..ഒറിസ, മഹാരാഷ്ട്ര , തമിഴ്നാട് , കര്‍ണാടക, ഹരിയാന, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, ആസാം, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് അങ്ങനെ ഇന്ത്യ എമ്പാടും നിന്നും ഉള്ള ആളുകള്‍ ഉള്ളതിനാല്‍ ഭാഷ പ്രശനമില്ല. എല്ലാരും ഇംഗ്ലീഷ് അല്ലേല്‍ ഹിന്ദിയിലാണ് സംസാരം. ശനിയും ഞായറും പണിക്കു ഒരു കുറവുമില്ല.ചാര്‍ മിനാര്‍, ബിര്‍ള ടെമ്പിള്‍, ലുംഭിനി പാര്‍ക്ക്, ഹുസൈന്‍ സാഗര്‍ തടാകം, അതിനു നടുവിലെ ബുദ്ധ പ്രതിമ.. കണ്ടു തീരാന്‍ ഇനിയും ഒരുപാട്.. മൊത്തത്തില്‍ അമ്മിണിക്ക് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ലോട്ടറി അടിച്ചു.
രണ്ടു മാസം കൊണ്ട് അമ്മിണിടെ കാശു കൊറേ പൊടിഞ്ഞു. ചെന്നൈയില്‍ 4 മാസം കൊണ്ട് കൊറഞ്ഞ 6 കിലോ തിരിച്ചു പറന്നെത്തി (നന്നായി..ഡ്രസ്സ് ഒന്നും ഇനി alter ചെയ്യിക്കണ്ടല്ലോ). പണി enjoy ചെയ്യുന്നുണ്ടെങ്കിലും വേറെ ഒന്നിനും നേരം ഇല്ലാതായി.. ഈ തെലുങ്കാന തെലുങ്കാന എന്ന് പറയുന്ന ആനേടെ തുമ്പിക്കയ്യിലാണ് ഹൈദ്രാബാദ് എന്ന് 'നാളെ ബന്ദുണ്ട്. എങ്കിലും ഓഫീസില്‍ വരാതിരിക്കരുത് ' എന്നും പറഞ്ഞു mail വന്നപ്പോഴാണ് അറിയുന്നത് തന്നെ. ജോലിക്ക് കേറി 6 മാസമായിട്ടും ലീവ് എടുത്തില്ലല്ലോ എന്ന് ആരോ ചോദിച്ചപ്പോള്‍, എങ്കില്‍ എടുത്തേക്കാം എന്നും പറഞ്ഞു തിരക്കിയപ്പോ.. അമ്മിണി ഒന്ന് ഞെട്ടി. എന്‍റെ lowfare domestic flight പുണ്യാളാ!! ചതിച്ചോ ! വീട്ടിലോട് പറക്കാന്‍ കൊറച്ചധികം ചിക്കിലീസ് ചെലവാകുമല്ലോ !
ഇനിയിപ്പോ എന്താ??
എന്താകാന്‍...കണ്ടറിയാം അത്ര തന്നെ!
അല്ല..ഈ അമ്മിണി ആരാ മോള്!!